അറ്റുപോയ സ്നേഹത്തിന്റെ നൂലിഴകൾ......

Monday, 18 April 2016

Article

പറയാൻ മറന്നത്..........


     വിടപറയുന്ന ഈ വേളയിൽ എന്റെ പ്രിയ ഗുരുനാഥയുടെ ചില സ്മരണകളെ ഞാനിവിടെ കുറിച്ചിടുന്നു.
           അനന്തപുരിയിലെ ജീവിതത്തിനിടെ സ്നേഹം കൊണ്ട് ഇത്രമാത്രം സ്വാധീനിച്ച മറ്റൊരു വ്യക്തി ഇല്ല എന്ന് തന്നെ പറയാം. അണയാത്ത വെളിച്ചമായെന്നും കത്തിജ്വലിച്ച ആ പ്രഭാകിരണങ്ങൾ എന്റെ ചിന്താശക്തിയെ   മാത്രമല്ല   പവിത്രമാക്കിയത്. 
മാതൃവാത്സല്യം തുളുംബിയ ആ വചസ്സുകൾ എന്റെ പല തെറ്റായ നിലപാടുകളെയും നവീകൃതമാക്കി. യാതൊന്നും പ്രതീക്ഷിക്കാതെ സ്വന്തം കർത്തവ്യം അതിന്റെ പൂർണ്ണമായ സമർപ്പണത്തിൽ അർപ്പിക്കണമെന്ന് എന്നെ പഠിപ്പിച്ചു. എന്റെ ലക്ഷ്യങ്ങളിലെ വിലങ്ങുതടികളെ ഓരോന്നായി ചൂണ്ടികാണിച്ചു, എന്നിട്ടും ഓരോരോ തെറ്റുകളിലേക്ക് മുങ്ങിതാഴുമ്പോഴും ആ കരങ്ങളാണ് എന്റെ ഉയിർപ്പിനു അടിസ്ഥാനമായത്. 
           എന്റെ വിലാപത്തിന്റെ കണ്ണീർക്കയങ്ങളിൽ കൂടെ ഇറങ്ങിവന്ന് എനിക്കു സാന്ത്വനം പകർന്നു.  നേർക്കുനേരെ കയർത്തു സംസാരിക്കേണ്ടി വന്ന നിമിഷങ്ങളിൽ പിടഞ്ഞത് എന്റെ മനസ്സ് തന്നെയായിരുന്നു.  ആ വെറുക്കപ്പെട്ട നിമിഷങ്ങൾ എന്റെ കാലചക്രത്തിന്റെ യവനികകൾക്ക് പിന്നിലായി ചിതലരിച്ചു പോകട്ടെ എന്നു വരെ ഞാൻ ആഗ്രഹിച്ചു. ഈ മണ്ണിൽ നിന്ന് വിടവാങ്ങുമ്പോൾ പകരം വെക്കാനാവാത്ത ആ സ്നേഹത്തെയാണ് എനിക്ക് നഷ്ട്ടമാകുന്നത്. മൺമറഞ്ഞു പോകുന്ന ഒരു വസന്തകാല സ്മരണയാണ് ആ പുഞ്ചിരി. എന്റെ ഗുരുനാഥയുടെ പൂർണ്ണമായ സമർപ്പണത്തിനു മുമ്പിൽ നിറകണ്ണീരോടെ ഞാൻ പ്രണമിക്കുന്നു.











Share:

0 comments :

Post a Comment

Copyright © The Chants | Powered by Blogger
Design by SimpleWpThemes | Blogger Theme by NewBloggerThemes.com