അറ്റുപോയ സ്നേഹത്തിന്റെ നൂലിഴകൾ......

  • കാരണം കണ്ണടച്ചാൽ അവൾ വരുമായിരുന്നു മന്ദം മന്ദം ആ നറുപുഞ്ചിരിയോടെ...........

  • മൺമറഞ്ഞു പോകുന്ന ഒരു വസന്തകാല സ്മരണയാണ് ആ പുഞ്ചിരി

  • കരഞ്ഞു കളഞ്ഞ കണ്ണുനീരുകൾ കഥകളായി.പാഴ്ജന്മങ്ങളുടെ തീരാ നൊമ്പരത്തിന്റെ കഥ

  • എന്നുള്ളിൽ പുനർജനിച്ച ആദിതാളത്തിന്റെ വർണ്ണങ്ങൾ എനിക്കു മുമ്പേ ആ മനസ്സിൽ കുറിച്ചതായിരുന്നു..............

  • നിന്റെ ചിറകുകൾ എന്റെ അഭയസ്ഥാനമായി, അന്ധകാരവീചികളിലെ സാന്ത്വനമായി.;

Saturday 22 September 2018

Poem

വെറുപ്പ് 

എൻ്റെ പ്രതിഷേധത്തിൻറെ ജ്വാലകൾ-
നിന്നെ വിഴുങ്ങുമെന്ന മിഥ്യാധാരണ
എൻ്റെ ഇച്ഛാശക്തിക്ക് തോന്നിയ-
വെറും തെറ്റിദ്ധാരണയാന്നെന്ന് 
കാലം വൈകാതെ തന്നെ-
എന്നെ ബോധ്യപ്പെടുത്തി.

എൻ്റെ പ്രയാണം നിന്നിലേക്കുള്ള-
കാൽവെപ്പുകളാണെന്ന എൻ്റെ അഹങ്കാരത്തിന് 
തീവ്രമായ നിൻറെ അവഗണന 
മറുപടിയായി വർത്തിച്ചപ്പോൾ,
പൊട്ടിക്കരഞ്ഞ എൻ്റെ മനസ്സിനെ-
ഞാനിന്ന് ജീവനോടെ കുഴിച്ചു മൂടിയിരിക്കുന്നു .

കാര്യങ്ങളെ നിസ്സാരവത്കരിക്കാനുള്ള-
നിൻെറ മനോഭാവത്തെ -
നിസ്സഹായതയോടെയാണ് ഞാൻ തിരിച്ചറിഞ്ഞത്.
മനസ്സിനെ ഓർമ്മകളിൽ നിന്നും പറിച്ചുനടുവാൻ-
എങ്ങനെ ഒരു സ്ത്രീശക്തിക്ക് സാധിക്കുന്നു?
എന്തൊരു പ്രപഞ്ച സത്യമാണത്?

എന്നെ ഭ്രാന്തുപിടിപ്പിക്കുന്ന-
നിൻറെ മാദകത്തെ ഞാനിന്ന്-
തീക്ഷ്ണമായി വെറുക്കുന്നു,
കാരണം അവയെല്ലാം കളങ്കപ്പെടുത്തുന്നത്-
ഒരായിരം കിനാവുകളെയാണ്,
       ഒരായിരം പ്രതീക്ഷകളെയാണ്.

കലയുടെ നാൾവഴികളിൽ-
നിന്നെ ചിത്രീകരിക്കുവാൻ മടിച്ച,
വർണ്ണങ്ങളെ ഞാൻ എന്നിലേക്ക് ആവാഹിക്കും,
കാരണം എൻ്റെ പകയുടെ തീച്ചൂളയിൽ-
കത്തിയണയുന്നത് നിന്നിൽ ഞാനർപ്പിച്ച,
എൻ്റെ വിശ്വാസങ്ങളാണ്.


Share:

Tuesday 18 September 2018

Poem

കനലുകൾ  

ജനാലകൾക്കപ്പുറത്ത്  നിന്നെയും ഓർത്തു-
ഒരായിരം യുഗം തപസ്സനുഷ്ഠിക്കുവാൻ-
ഞാൻ ഒരുക്കമായിരുന്നുവെന്ന്,
നീ അറിഞ്ഞിരുന്നിലേ....

കനലെരിയുന്ന എൻ  മനതാരിൽ-
നിന്റെ സ്പർശനവും സാമീപ്യവും- 
അത്രമേൽ സാന്ത്വനമായത്,
നീ ഓർക്കുന്നില്ലേ....

പരസ്പരം പങ്കുവെച്ച ആ സ്വപ്നങ്ങൾക്കു-
തൂവൽ ചാർത്തിയ എൻ്റെ ആഗ്രഹങ്ങൾ-
ജീവനോളം വിലയേറിയതാണെന്ന്,
നീ മനസിലാക്കിയിരുന്നിലേ....

എൻ്റെ മോഹങ്ങൾ ചിറകടിച്ചുയർന്നപ്പോൾ-
ആ ചിറകടിയുടെ താളമായി-
നീ എന്നിൽ അലിയുകയില്ലെന്ന്,
നിനക്ക് പറയായിരുന്നിലേ...

നിനക്കായി ചാലിച്ച നിറക്കൂട്ടിൽ-
നീ തിരഞ്ഞെടുത്ത വർണങ്ങൾ-
എന്നെ  ചിത്രീകരിക്കാനല്ലായിരുന്നുവെന്ന്-
നിനക്ക് വെളിപ്പെടുത്തായിരുന്നിലേ...

വാക്കുകൾ നോവുകളെ വർണ്ണിച്ചു,
നോവുകൾക്ക് പുതിയ മാനങ്ങൾ സൃഷ്ട്ടിച്ചു,
നോവുകൾ നിന്നെ നഷ്ട്ടപെടുത്തുവാൻ പഠിച്ചു,
ഒടുവിൽ നോവുകളുടെ ചലനം നിലച്ചു









Share:

Friday 7 September 2018

Short Story

സ്നേഹം

മണ്ണിനെയും മനുഷ്യനെയും ഒരു പോലെ സ്നേഹിച്ച എന്നോട് ഒരാൾ ഒരു ചോദ്യം ചോദിച്ചു, ജീവിതത്തിൽ ആരെയാണ് ആത്മാർത്ഥമായി സ്നേഹിക്കേണ്ടത്, നമ്മളെ ആഗ്രഹിക്കുന്നവരെയോ  അതോ നമ്മൾ ആഗ്രഹിക്കുന്നവരെയോ? ഈ ചോദ്യത്തിനു മുമ്പിൽ ഞാൻ അല്പമൊന്നുമല്ല പതറി നിന്നത്. ഇതിനൊരുത്തരം നാളെ തരാമെന്ന് പറഞ്ഞ് ഞാൻ പിറകോട്ടു നടന്നു നീങ്ങി. ആ ദിവസം മുഴുവൻ ഇരുന്നു ആലോചിച്ചിട്ടും എനിക്കൊരു ഉത്തരത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. വൈകിട്ട് ഞാൻ ഒരു അമ്പലത്തിൽ കയറി. അതൊരു ചെറിയ ചുറ്റമ്പലമായിരുന്നു. ഓരോ രൂപങ്ങളിലും കണ്ണോടിച്ചു കൈകൾ കൂപ്പി ഞാൻ ആ അമ്പലത്തിനുള്ളിൽ വലം വയ്ക്കുവാൻ  തുടങ്ങി. ആദ്യം വലം വയ്ക്കുന്നതിനിടെ പ്രായമായ ഒരു അമ്മയെ കണ്ടു. കണ്ണടച്ചു മന്ത്രങ്ങൾ നിർത്താതെ ഉരുവിടുന്ന ആ അമ്മയെ ഞാൻ ശ്രദ്ധിച്ചു. ഞാൻ വീണ്ടും വലം വയ്ക്കുവാൻ തുടങ്ങി. ഇത്തവണ എന്റെ കണ്ണിൽ പെട്ടത് ചെറുപ്പക്കാരനായ ഒരു പൂജാരിയെയായിരുന്നു. അദ്ദേഹം ആ ക്ഷേത്രത്തിലെ ബണ്ടാരം പൂട്ടി ഭദ്രമായി സൂക്ഷിച്ചു വയ്ക്കുകയായിരുന്നു. ഞാൻ മൂന്നാമതും വലം വയ്ക്കുവാൻ തുടങ്ങി. പിന്നീടുള്ള  ഓരോ കാൽവെപ്പുകൾ മണ്ണിലമരുമ്പോഴും എൻറെ ചിന്തകളിൽ ചിതറിക്കിടന്ന ഓരോ കണികകൾ ദൂരേക്ക് അകലുന്നതായി എനിക്കനുഭവപ്പെട്ടു . ആ 'അമ്മ ആർക്കു വേണ്ടിയായിരുന്നു മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടിരുന്നത്? ആ ചെറുപ്പക്കാരനായ പൂജാരി എന്തിനു വേണ്ടിയാണ്  തൻ്റെ ജീവിതം സമർപ്പിച്ചിരിക്കുന്നത്?  കേവലം മനുഷ്യസഹജമായ ഒരു ഉത്തരമായിരുന്നില്ല ഞാൻ അവിടെ തേടിയിരുന്നത്, എന്നിട്ടും പ്രപഞ്ചശക്തകൾ പോലും എന്നെ വെല്ലുവിളിക്കുന്നതായാണ് എനിക്കു തോന്നിയത്. പിറ്റേന്ന് ചോദ്യകർത്താവിന്റെ അടുക്കലേക്ക് ഞാൻ നടന്നു. അയാൾ എന്നെ കണ്ടപ്പോൾ ആ  ചോദ്യം ഒന്നുകൂടെ ആവർത്തിച്ചു. അതുവരെ ഉത്തരമില്ലായിരുന്ന ഞാൻ ആ ക്ഷണം മറുപടി നൽകി, അത് രണ്ടും ഒന്നാണ്. സ്നേഹവും, സമർപ്പണവും.



Share:

Saturday 13 January 2018

Poem

തിരിച്ചറിവ്

ഒരുനാളും തീരാത്ത എൻറെ പ്രതീക്ഷകളും,
ഒരുനാളും മായാത്ത നിൻറെ ഓർമ്മകളും,
ഊഴമെടുത്ത് എന്നെ ആക്രമിക്കുമ്പോൾ-
ഞാനറിഞ്ഞിരുന്നില്ല, എൻറെ കരുത്തിനെക്കുറിച്ച്.

നിലതെറ്റിയ ഭ്രാന്തനെപ്പോലെ അലഞ്ഞപ്പോഴും,
നേരിൻറെ നോവ് ആവുവോളം  അനുഭവിച്ചപ്പോഴും,
എൻറെ ജീവൻ എൻറെ കൈകളിൽ തന്നെ ആയിരുന്നുവെന്ന്-
വൈകിയാണ് എനിക്ക്  ബോധ്യപ്പെട്ടത്.

ചെയ്തുപോയ പാതകങ്ങളെല്ലാം ഓരോന്നായി വേട്ടയാടുമ്പോഴും,
ചെയ്യുന്ന കർമ്മങ്ങളിൽ നിന്ന് പരാജയപ്പെടുമ്പോഴും,
വിരൽത്തുമ്പിൽ കുടികൊണ്ട ശക്തിപ്രഭാവം-
ഒടുവിലാണ് എനിക്ക് തിരിച്ചറിവേകിയത്.

മാറ്റത്തിൻറെ നാളുകൾ കടന്നുവന്നപ്പോൾ,
മനസ്സിൽ സർവ്വശക്തിയും ആവാഹിച്ച്,
മോഹിച്ച നിമിഷ സുഖങ്ങളെ വിട്ടെറിഞ്ഞ്-
ശരിയുടെ നാൾവഴിയിലൂടെ യാത്ര ആരംഭിച്ചു.

യാത്ര അങ്ങേയറ്റം ക്ലേശകരമാണെങ്കിലും,
ലക്ഷ്യം നാൾക്കുനാൾ അകലുകയാണെങ്കിലും,
എൻറെ ആഗ്രഹങ്ങളും, എൻറെ ചിന്തകളും-
എന്നെ അജ്ജയ്യനായ പോരാളിയാക്കുന്നു.












Share:

Copyright © The Chants | Powered by Blogger
Design by SimpleWpThemes | Blogger Theme by NewBloggerThemes.com