അറ്റുപോയ സ്നേഹത്തിന്റെ നൂലിഴകൾ......

Friday 7 September 2018

Short Story

സ്നേഹം

മണ്ണിനെയും മനുഷ്യനെയും ഒരു പോലെ സ്നേഹിച്ച എന്നോട് ഒരാൾ ഒരു ചോദ്യം ചോദിച്ചു, ജീവിതത്തിൽ ആരെയാണ് ആത്മാർത്ഥമായി സ്നേഹിക്കേണ്ടത്, നമ്മളെ ആഗ്രഹിക്കുന്നവരെയോ  അതോ നമ്മൾ ആഗ്രഹിക്കുന്നവരെയോ? ഈ ചോദ്യത്തിനു മുമ്പിൽ ഞാൻ അല്പമൊന്നുമല്ല പതറി നിന്നത്. ഇതിനൊരുത്തരം നാളെ തരാമെന്ന് പറഞ്ഞ് ഞാൻ പിറകോട്ടു നടന്നു നീങ്ങി. ആ ദിവസം മുഴുവൻ ഇരുന്നു ആലോചിച്ചിട്ടും എനിക്കൊരു ഉത്തരത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. വൈകിട്ട് ഞാൻ ഒരു അമ്പലത്തിൽ കയറി. അതൊരു ചെറിയ ചുറ്റമ്പലമായിരുന്നു. ഓരോ രൂപങ്ങളിലും കണ്ണോടിച്ചു കൈകൾ കൂപ്പി ഞാൻ ആ അമ്പലത്തിനുള്ളിൽ വലം വയ്ക്കുവാൻ  തുടങ്ങി. ആദ്യം വലം വയ്ക്കുന്നതിനിടെ പ്രായമായ ഒരു അമ്മയെ കണ്ടു. കണ്ണടച്ചു മന്ത്രങ്ങൾ നിർത്താതെ ഉരുവിടുന്ന ആ അമ്മയെ ഞാൻ ശ്രദ്ധിച്ചു. ഞാൻ വീണ്ടും വലം വയ്ക്കുവാൻ തുടങ്ങി. ഇത്തവണ എന്റെ കണ്ണിൽ പെട്ടത് ചെറുപ്പക്കാരനായ ഒരു പൂജാരിയെയായിരുന്നു. അദ്ദേഹം ആ ക്ഷേത്രത്തിലെ ബണ്ടാരം പൂട്ടി ഭദ്രമായി സൂക്ഷിച്ചു വയ്ക്കുകയായിരുന്നു. ഞാൻ മൂന്നാമതും വലം വയ്ക്കുവാൻ തുടങ്ങി. പിന്നീടുള്ള  ഓരോ കാൽവെപ്പുകൾ മണ്ണിലമരുമ്പോഴും എൻറെ ചിന്തകളിൽ ചിതറിക്കിടന്ന ഓരോ കണികകൾ ദൂരേക്ക് അകലുന്നതായി എനിക്കനുഭവപ്പെട്ടു . ആ 'അമ്മ ആർക്കു വേണ്ടിയായിരുന്നു മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടിരുന്നത്? ആ ചെറുപ്പക്കാരനായ പൂജാരി എന്തിനു വേണ്ടിയാണ്  തൻ്റെ ജീവിതം സമർപ്പിച്ചിരിക്കുന്നത്?  കേവലം മനുഷ്യസഹജമായ ഒരു ഉത്തരമായിരുന്നില്ല ഞാൻ അവിടെ തേടിയിരുന്നത്, എന്നിട്ടും പ്രപഞ്ചശക്തകൾ പോലും എന്നെ വെല്ലുവിളിക്കുന്നതായാണ് എനിക്കു തോന്നിയത്. പിറ്റേന്ന് ചോദ്യകർത്താവിന്റെ അടുക്കലേക്ക് ഞാൻ നടന്നു. അയാൾ എന്നെ കണ്ടപ്പോൾ ആ  ചോദ്യം ഒന്നുകൂടെ ആവർത്തിച്ചു. അതുവരെ ഉത്തരമില്ലായിരുന്ന ഞാൻ ആ ക്ഷണം മറുപടി നൽകി, അത് രണ്ടും ഒന്നാണ്. സ്നേഹവും, സമർപ്പണവും.



Share:

0 comments :

Post a Comment

Copyright © The Chants | Powered by Blogger
Design by SimpleWpThemes | Blogger Theme by NewBloggerThemes.com