അറ്റുപോയ സ്നേഹത്തിന്റെ നൂലിഴകൾ......

Sunday 27 November 2016

Story

സ്വപ്‌നം (ഭാഗം -1)

   മധുരസ്വപ്നങ്ങളിൽ മുഴുകി പതിവുപോലെ അവൻ അവൾക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. അതൊരു വസന്തകാലമായിരുന്നു. ഇലകൾ തളിർത്തു തമ്മിൽ തമ്മിൽ സല്ലപിക്കുകയായിരുന്നു. ആ സുന്ദര പ്രഭാതത്തിൽ അവളുടെ പാദസ്പർശം ദൂരെ നിന്ന് തന്നെ അവന് അനുഭവപ്പെട്ടു. അവന്റെ വികാരഭവങ്ങളിൽ കൊതി തോന്നിയ മന്ദമാരുതൻ അവനെ അസൂയയോടെ തഴുകി. കണ്ണിലെ തീക്ഷണത ഒട്ടും തന്നെ കുറയ്‌ക്കാതെ ഒരു നറുപുഞ്ചിരിയോടെ അവൾ അവന്റെ അടുത്തേക്ക് സമീപിച്ചു. അവന്റെ അരികിലായി അവൾ അണഞ്ഞു. അവളുടെ ആ മുടിയിഴകളിൽ സൂര്യകിരണങ്ങൾ ഒളിച്ചു കളിക്കുന്നത് അവൻ കണ്ടു. ചിരിച്ചു കൊണ്ട് അവൻ അവളുടെ കൈകളിൽ ഒരു പാവക്കുട്ടി വച്ചുകൊടുത്തു. അവന്റെ  ആശകളും പ്രതീക്ഷകളും ആ കൊച്ചു പാവക്കുട്ടിയിൽ അലിഞ്ഞിരുന്നു. പാവക്കുട്ടിയുടെ ആ കുഞ്ഞിക്കണ്ണുകൾ അവന്റെ കണ്ണുകൾ തന്നെയായിരുന്നു. അവൾ അത് മനസ്സുകൊണ്ടു തന്നെ സ്വീകരിച്ചു. എന്നിട്ട് പതിവിന് വിപരീതമായ ഒരു ഭാവപകർച്ചയിൽ അവൾ പറഞ്ഞു "ഇതോടു കൂടി എല്ലാം അവസാനിപ്പിക്കണം. ഇനി ഇതു പഴയതു പോലെ മുന്നോട്ടു കൊണ്ടു പോകാനാകില്ല". 
                      ചലനമിലാത്ത ഒരു ഭാവം അവന്റെ മുഖത്തു പ്രതിഫലിച്ചു. ആ വസന്തകാലത്തിന്റെ സ്പന്ദനം പോലും ഒരു നിമിഷത്തേക്ക്  നിലച്ചു. കിളികൾ കൂട്ടിലേക്ക് ഓടിയൊളിച്ചു. മന്ദമാരുതൻ ദിശയറിയാതെ പകച്ചുപോയി. തീർത്തും നിസ്സഹായാവസ്ഥയിൽ അവൻ അവളുടെ മുഖത്തേക്ക് നോക്കി മൊഴിഞ്ഞു. " നിനക്കെങ്ങനെ എന്നോടിത് പറയാൻ കഴിയുന്നു. നിനക്കു വേണ്ടി മാത്രമല്ലേ ഓരോ രാവും പകലും ഞാൻ കൊതിച്ചത്". യാതൊരു കുറ്റബോധവുമിലാത്ത ഭാവത്തിൽ അവൾ മറുപടി പറഞ്ഞു. "കാലം മുന്നോട്ടു പോകുകയാണ്, കാലത്തിന് അനുസരിച്ചു നമ്മളും മുന്നോട്ടു നീങ്ങണം, ഇന്നേക്ക് ഏഴാം നാൾ എന്റെ വിവാഹമാണ്. അദ്ദേഹം ഇൻഫോസിസിൽ തന്നെ ജോലി ചെയുകയാണ്. എന്റെ അതെ വിഭാഗത്തിലാണ്. നീ വിഷമിക്കും എന്ന് കരുതി നിന്നെ ഞാൻ ഒന്നും അറിയിക്കാഞ്ഞതാണ്. എനിക്കറിയാം നീ എന്നെ ഒരുപാട് ഇഷ്ടപെടുന്നുവെന്ന്. പക്ഷെ എനിക്കിതലാതെ വേറെ നിവർത്തിയില്ല". ഇതുകേട്ട് അവൻ അറിയാതെ ചിരിച്ചു പോയി. അവൾ പറഞ്ഞത് ശരിയാണെന്ന് അവന് തോന്നി. കാരണം കൂട്ടുകരനെന്ന രീതിയിൽ തന്നെയാണ് ഇത്രേം കാലം കൂടെ നടന്നത്, പക്ഷെ വെറും സൗഹൃദം മാത്രമല്ലെന്ന് അവൾക്കും അവനും അറിയാമായിരുന്നു. ഒരു ചടങ്ങിന് വേണ്ടി ഇഷ്ടമാണെന്ന് ഇതുവരെ അവൻ പറഞ്ഞിട്ടുമില്ല. അതുകൊണ്ട് തന്നെ അവന്റെ സ്നേഹത്തിന് ഒരു വാക്കാലുള്ള ഉറപ്പ് അവൾക്ക് തോന്നിക്കാണില്ല. 
                  അവന്റെ ആ ചിരി കണ്ട് ദേഷ്യത്തോടെ ആ സുന്ദരമായ പാവക്കുട്ടിയെ തറയിലിട്ട് അവൾ ഒരു കത്ത് അവന്റെ കൈകളിൽ കൊടുത്ത് ആ പാതയോരത്തിലൂടെ നടന്നുനീങ്ങി. ആ നടന്നുപോകുന്നത് അവന്റെ ആഗ്രഹങ്ങളുടെ കാലവറയാണെന്ന് അവന് ബോധ്യമുണ്ടായി. നിലത്തുകിടന്ന ആ പാവക്കുട്ടിയെ കൈയിലെടുത്ത്  ആ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കി. ആ കുഞ്ഞിക്കണ്ണുകൾ നനഞ്ഞിരുന്നു. അവന്റെ ജീവിതത്തെയോർത്ത്. വിഷമത്തോടെ ആ പാവ അവൻ വലിച്ചെറിഞ്ഞു. അവന്റെ സ്വപ്നങ്ങളെയും. എല്ലാം അവസാനിച്ച മട്ടിൽ തിരികെ നടന്നു നീങ്ങുന്പോൾ പെട്ടെന്ന് അവൻ നിശ്ചലനായി നിന്നു. അവന്റെ മനസ്സ് അവനോട് മന്ത്രിച്ചു "അവൾ അവസാനമായി കൈയിൽ വച്ചു തന്ന ആ കത്ത്".
                                                                                                             (തുടരും......................................)

















                                                              
Share:

0 comments :

Post a Comment

Copyright © The Chants | Powered by Blogger
Design by SimpleWpThemes | Blogger Theme by NewBloggerThemes.com