അറ്റുപോയ സ്നേഹത്തിന്റെ നൂലിഴകൾ......

  • കാരണം കണ്ണടച്ചാൽ അവൾ വരുമായിരുന്നു മന്ദം മന്ദം ആ നറുപുഞ്ചിരിയോടെ...........

  • മൺമറഞ്ഞു പോകുന്ന ഒരു വസന്തകാല സ്മരണയാണ് ആ പുഞ്ചിരി

  • കരഞ്ഞു കളഞ്ഞ കണ്ണുനീരുകൾ കഥകളായി.പാഴ്ജന്മങ്ങളുടെ തീരാ നൊമ്പരത്തിന്റെ കഥ

  • എന്നുള്ളിൽ പുനർജനിച്ച ആദിതാളത്തിന്റെ വർണ്ണങ്ങൾ എനിക്കു മുമ്പേ ആ മനസ്സിൽ കുറിച്ചതായിരുന്നു..............

  • നിന്റെ ചിറകുകൾ എന്റെ അഭയസ്ഥാനമായി, അന്ധകാരവീചികളിലെ സാന്ത്വനമായി.;

Wednesday, 10 August 2016

Poem

കളിക്കാർക്കിടയിൽ 

പ്രായത്തിന്റെ ചാപല്യങ്ങൾ കണക്കിലെടുത്തപ്പോൾ  
ഞാനറിഞ്ഞിരുന്നില്ല ഞാൻ കളിക്കാർക്കിടയിലായിരുന്നുവെന്ന്.
ഓരോ തെറ്റുകളും അവസാനിച്ചിരുന്നത് -
ഓരോ ജഡിക സുഖങ്ങളിലായിരുന്നു.
വ്യാഖ്യാനങ്ങൾക്കതീതമായ ആ തെറ്റുകളുടെ ഭാവം-
ആഗ്രഹങ്ങളുടെ അതിതീവ്രമായ പ്രവാഹശേഷിയിലലിഞ്ഞിരുന്നു.
എന്നിലെ നേരിന്റെ ശബ്ദത്തിനു, ശബ്ദം കുറവായിരുന്നു.
കാരണം എന്നിൽ ഇരുട്ടിന്റെ മായാജാലങ്ങൾ അരങ്ങേറിയിരുന്നു.
വർണ്ണങ്ങളുടെ മൂടുപടമണിഞ്ഞു എന്നിലെ ചാപല്യങ്ങൾ,
ഞാനറിയാതെ എനിക്കുമുമ്പേ സഞ്ചരിച്ചുതുടങ്ങി.
എനിക്കു പാർക്കാൻ ഗ്രാമങ്ങളില്ല, എനിക്കു പാർക്കാൻ നഗരങ്ങളില്ല 
കാരണം എനിക്കുമുമ്പേ അവർ അവയെല്ലാം സ്വന്തമാക്കിയിരുന്നു.
Share:

Saturday, 18 June 2016

Poem

ലോഹം 
കാലം പുതിയ അദ്ധ്യായങ്ങളെഴുതി.
മൺമറഞ്ഞു പോയ എന്റെ പരാജയങ്ങളും
വഴുതിയകന്ന എന്റെ ബന്ധങ്ങളും,
പഴയ അദ്ധ്യായങ്ങള്ളിലെ വചനങ്ങളായി.
ജീവനില്ലാത്ത പഴയ പരാതികളും 
വെറുക്കപെട്ട ഒരായിരം അവസരങ്ങളും 
പാതികുഴിച്ച കല്ലറയിൽ അടക്കപ്പെട്ടു.
അറ്റുപോയ എന്റെ ധമനികളിൽ-
പ്രതീക്ഷയുടെ  പ്രവാഹം ആളിക്കത്തി.
ഒടുവിലായി വിടപറഞ്ഞ വേളയിൽ
ഉള്ളംകൈയിൽ സമ്മാനിച്ച ആ ദിവ്യമായ ലോഹം.
പോരിനായി  എന്നെ വെല്ലുവിളിച്ചു.
ആ വെല്ലുവിളിയിൽ ഞാനെന്നെ അറിഞ്ഞു.
ഉരുകിത്തീർന്ന ലോഹകഷ്ണങ്ങൾ പഴംകഥകളായി,
മുന്നോട്ടുള്ള പ്രയാണത്തിൽ നഷ്ടപ്പെടുത്തിയ-
ഒരായിരം പാതിവഴികൾ..........









Share:

Sunday, 22 May 2016

Article

കർണ്ണൻ 

         സൂര്യപുത്രനായി ജനിച്ച് സൂതപുത്രനായി വളർന്ന് അവസാനം സ്വന്തം അനുജൻറെ അമ്പുകൾ കൊണ്ട് തന്നെ വീരമൃത്യു വരിക്കേണ്ടി വന്ന മഹാഭാരത കഥയിലെ ഏറ്റവും ശ്രേഷ്ട്ടനായ കഥാപാത്രത്തെയാണ് ഞാനിവിടെ സ്മരിക്കുന്നത്. അറിവില്ലാത്ത സമയത്ത് കുന്തിദേവിക്ക് സംഭവിച്ച ആ  അബദ്ധതിന് അത്രയും വലിയ വില പണയപ്പെടുത്തേണ്ടതായി വന്നു. കർണ്ണന്റെ ജന്മരഹസ്യം മറച്ചുവെച്ചത് അതിലും വലിയ അപരാധമായി  ധർമ്മപുത്രൻ ചൂണ്ടികാണിക്കുന്നു. കാരണം കുന്തിദേവി മൂടിവെച്ചത് കറയിലാത്ത തേജോമയനായ രത്നത്തെയാണ്. പക്ഷെ തന്റെ വിധിയെ പഴിച്ചു കൊണ്ട് കർണ്ണൻ ജീവിതം പാഴാക്കിയില്ല. തന്റെ ഉള്ളിൽ കുടികൊള്ളുന്ന ആ മഹാശക്തികളെയെല്ലാം അദ്ദേഹം മൂർച്ചയേറിയ ആയുധങ്ങളാക്കി. ഗുരു ദ്രോണർ നിരസിച്ചപ്പോൾ ദ്രോണരുടെ ഗുരുവിൽ നിന്നും കർണ്ണൻ അറിവുനേടി. അവയെ നേർക്കുനേരെ എതിരിടാൻ ഒരു വ്യക്തിക്കും കഴിയുമായിരുന്നില്ല എന്നതായിരുന്നു സത്യം. കാരണം സൂര്യന്റെ  കവചവും പരശുരാമാന്റെ   ശിഷ്യത്വവും  അദ്ദേഹത്തിന് പ്രാപ്തമായിരുന്നു. ജീവിതകാലം മുഴുവനും വെല്ലുവിളികൾ നേരിടേണ്ടി വന്ന ആ മഹാരഥൻ, ഒരിക്കൽ പോലും പരാജയപ്പെടുവാൻ തയാറല്ലായിരുന്നു. അസ്ത്ര-ശാസ്ത്രങ്ങള്ളിൽ അദ്ദേഹത്തിന് മറ്റേതൊരു യോദ്ധാവിനെക്കാളും പ്രാവിണ്യമുണ്ടായിരുന്നു. അദ്ദേഹത്തിൻറെ ബാണങ്ങൾ സാക്ഷാൽ സൂര്യഭഗവാന്റെ കിരണങ്ങൾ തന്നെയായിരുന്നു.
        നില നിന്ന സാമൂഹിക വ്യവസ്ഥകളെയെല്ലാം ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹം സാധാരണക്കാരനായി ജീവിച്ചു. താഴ്ന്ന ജാതികാർക്ക് നിഷിദ്ധമായ അറിവും വിദ്യാഭ്യാസവും സ്വന്തം പ്രയത്നത്തിലും ബാഹുബലത്തിലും അദ്ദേഹം വിശ്വാസം അർപ്പിച്ചുകൊണ്ട് നേടിയെടുത്ത്  ജീവിതത്തിൽ ഔന്നിത്ത്യത്തിലെത്തി.         അദ്ദേഹത്തിൻറെ  കഴിവുകളെ  മനസ്സിലാക്കി അംഗീകരിച്ച ഒരേയൊരു വ്യക്തിയായിരുന്നു യുവരാജാവ് ദുര്യോധനൻ. കർണ്ണൻ ഏറ്റവും വലിയ വെല്ലുവിളി നേരിട്ട സമയത്ത് അദ്ദേഹത്തിന്റെ കരങ്ങളാണ് സഹായത്തിനെത്തിയത്. അങ്ങനെ കർണ്ണൻ എന്ന യോദ്ധാവ് തിന്മയുടെ പക്ഷത്ത് നിലകൊളേണ്ടതായി വന്നു. ഒരുപക്ഷെ ജാതിവ്യവസ്തകളുടെ മതിൽക്കെട്ടുകൾ പൊട്ടിച്ചെറിന് ധർമ്മപക്ഷത്തുള്ള ആരെങ്കിലും അദ്ദേഹത്തെ സ്വീകരിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തിന് നഷ്ട്ടപ്പെട്ടതെലാം തിരികെ ലഭിക്കുമായിരുന്നു. എല്ലാമറിയുന്ന ഭഗവാൻ ശ്രീകൃഷ്ണനും, പിതാമഹൻ ഭീഷ്മരും ഈ കാര്യം ഒരിക്കൽ പോലും വെളിപ്പെടുത്തുവാൻ തയാറല്ലായിരുന്നു.തനിക്ക് അർഹമായ സ്ഥാനമാനങ്ങൾ അദ്ദേഹത്തെ ഒരിക്കൽ പോലും മോഹിപ്പിച്ചിരുന്നില്ല. മഹാഭാരതത്തിൽ ധർമ്മം വിജയിച്ചത് കർണ്ണനെ പോലുള്ളവരുടെ ധാർമിക മൂല്യങ്ങളാലാണ്, തന്റെ വാക്കുകൾക്ക് ജീവന്റെ വില കൊടുത്ത ഈ മഹാരഥന്റെ  ബലഹീനതയെയാണ് ഭഗവാൻ ശ്രീകൃഷ്ണൻ ആയുധമാക്കി എതിരെ പ്രയോഗിച്ചത്, അല്ലാതെ അർജുനൻ എന്ന പോരാളിയുടെ മികവൊന്നുമായിരുന്നില്ല. കാരണം ധനുസ്സുയർത്തി നിൽക്കുന്ന കർണ്ണനെ വധിക്കുക അസാധ്യമാണെന്ന് ഭഗവാനറിയാമായിരുന്നു.  അത്രയും വല്യ അപരാധം പ്രവർത്തിച്ച തന്റെ മാതാവിനെ കർണ്ണൻ ഒരു നോക്കുപോലും വെറുത്തിരുന്നില്ല. സത്യം അറിഞ്ഞ അദ്ദേഹം ഒരിക്കലും അവകാശം സ്ഥാപിക്കാൻ പരിശ്രമിച്ചില്ല, മറിച്ച് മാതാവിനെ ആ കളങ്കത്തിൽ നിന്ന് സംരക്ഷിക്കുവാനാണ് പരിശ്രമിച്ചത്.  ദാനത്തേക്കാൾ മഹാസ്നാനം ഇല്ലെന്നു വിശ്വസിച്ച അദ്ദേഹം, തന്റെ ശരീരത്തിന്റെ ഭാഗമായ കവചവും കുണ്ഡലിനിയും അദ്ദേഹം ദാനമായി അറത്തുനൽകിയപ്പോൾ ദേവാധിദേവൻ പോലും ആ സമർപ്പണത്തിൽ ആശ്ചര്യപ്പെട്ടു. ആ വലിയ മനസ്സിന്റെ ഉടമയെ ആരും തിരിച്ചറിഞ്ഞില്ല എന്നതായിരുന്നു സത്യം. മഹാഭാരതകഥയിൽ ഇത്രയും വ്യക്തിപ്രഭാവമാർന്ന മറ്റൊരു യോദ്ധാവിനെ ദർശിക്കുവാൻ പ്രയാസമാണ്. കാരണം മരണശയ്യയിലാണ് അദ്ദേഹത്തിന് തന്റെ മാതാവിന്റെയും,സഹോദരങ്ങളുടെയും വാത്സല്യവും സ്നേഹവും പോലും  പ്രാപ്തമായത്. തന്റെ മാതാവിന്റെ മടിയിൽ പാപ്ഭാരങ്ങളെല്ലാം തന്നെ ഇറക്കിവെച്ചുകൊണ്ടാണ് അദ്ദേഹം ജീവൻ വെടിഞ്ഞത്. തന്റെ കഴിവിലും ശക്തിയിലും വിശ്വാസമർപ്പിച്ച് പ്രയത്നിച്ചാൽ ഏതൊരു സാധാരണക്കാരനും ജീവിതലക്‌ഷ്യം സഫലമാക്കാമെന്ന് കർണ്ണന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ചൈതന്യവും വീരഗാഥകളും      ഏതൊരു വ്യക്തിയെയും   അമാനുഷികനാക്കും.

           

Share:

Monday, 25 April 2016

Story

പ്രണയം 

ഒരിക്കൽ അവൾ അവനോട് ചോദിച്ചു "കൂടെ കാണുവോ  എന്നും?", തെല്ലും ചിന്തിക്കാതെ അവൻ മറുപടി കൊടുത്തു "കൂട്ടിനുണ്ടാവും എന്നും, എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ട്ടവാ". ഈ വാഗ്ദാനത്തിന്റെ നിറവിലാണ് അവൻ അവന്റെ ജീവിതം അവൾക്ക് സമർപ്പിച്ചത്. ഓരോ രാവ് അണയുമ്പോഴും അവളുടെ ചിരി കൂടുതൽ ചന്ദസ്സുള്ളതായി മാറി. അവളുടെ മൊഴികളിൽ അവൻ ആയിരം സ്വപ്‌നങ്ങൾ നെയ്തു. ആഗ്രഹങ്ങളുടെ  ഒരു പറുദീസ തന്നെ അവൻ കെട്ടിപൊക്കി. ജീവിത ദൗത്യം, അവളിലേക്ക് മാത്രമാകണമെന്ന് മനസ്സിനെ പറഞ്ഞു   ബോദ്ധ്യപ്പെടുത്തി . അതിനായി അവനിലെ മായാശക്തികളെ അവൻ ഉറക്കികെടുത്തി. അവന്റെ ലോകം അവളിലേക്ക് മാത്രമായി ചുരുങ്ങി.
നാളുകൾ കഴിഞ്ഞു.....പുതിയ താളുകളിൽ പുതിയ അക്ഷരങ്ങൾ സ്ഥാനം പിടിച്ചു. അവൾക്ക് അവനെ മടുത്ത് തുടങ്ങി. അവളിലെ ആഗ്രഹങ്ങൾക്ക് ഉന്നതങ്ങളിലേക്ക് ചിറകടിച്ചുയരാൻ തോന്നി. അതിന് അവന്റെ സാമിപ്യം അവൾക്ക് അസ്വസ്ഥമായി അനുഭവപെട്ടു. പതിയെ അവൾ അവനെ ഒഴിവാക്കി തുടങ്ങി. എങ്കിലും അവന്റെ ഉള്ളിലെ കനൽ കത്തിയണഞ്ഞില്ല. പ്രണയ പരവശനായി അവൻ അവളെ സമീപിച്ചു. തന്റെ മനസ്സിൽ കുടികൊള്ളുന്ന ആ പ്രണയവചസ്സുകൾ മൊഴിയാൻ അവൻ വെമ്പൽ കൊണ്ടു. പക്ഷെ അവളുടെ കുത്തുവാക്കുകൾ അവനെ പിന്നിലോട്ട് വലിച്ചു. ഒരുപാട് നോവുകൾ ഉള്ളിൽ അടിച്ചമർത്തി കൂട്ടുകാരുടെ നിർബന്ധനത്തിന് വഴങ്ങി അവളെ വെറുതെ വിടാൻ അവൻ തീരുമാനിച്ചു. അങ്ങനെ പ്രത്യക്ഷത്തിൽ ആ ബന്ധം വേർപെട്ടു. പക്ഷെ അവന്റെ മനസ്സിൽ നിന്നും ആ ചിരിയുടെ മാസ്മരികത മായാതെ നിന്നു. തന്നിൽ നിന്നും വേർപെടുത്തി കഴിയാൻ പറ്റാതത ആ സുന്ദരിയുടെ ജീവിതത്തിൽ പിന്നെ അവൻ കടന്നു ചെന്നില്ല. 
കാലം അവനെ പരീക്ഷിച്ചു കൊണ്ടിരുന്നു. ദാരുണമായി അവൻ എല്ലാ  അവസ്ഥകളിൽ നിന്നും തകർന്നു നിലത്തു വീണു. ഒടുവിൽ ഒരു വീഴ്ച്ചയിൽ അവന് വെളിപാടുണ്ടായി. തന്റെ ഉള്ളിലെ ശക്തികൾ അവനെ നോക്കി പുഞ്ചിരിച്ചു. അവനെ കളിയാക്കി, അവനെ പരിഹസിച്ചു. അവയെല്ലാം അവന്റെ കൈകളിലെക്ക് തിരിച്ചു കയറി. ആ കൈകൾ ചലിച്ചു തുടങ്ങി. നഷ്ട്ടപ്പെട്ടതെല്ലാം അവൻ പൂർവാധികം ശക്തിയോടെ വീണ്ടെടുത്തു. അവനിലെ മായാജാലം അവൻ തിരിച്ചറിഞ്ഞു. ഇവയെല്ലാം അവളോടുള്ള സ്നേഹത്തിൽ നിന്നും ഉദ്ഭവിച്ചതാന്നെന്ന് അവന് ബോദ്ധ്യമുണ്ടായിരുന്നു. അവൻ ഒരിക്കലും അവളെ വെറുത്തില്ല. അവൾ എവിടെയാണെന്ന് അവൻ അന്വേഷിച്ചില്ല. കാരണം കണ്ണടച്ചാൽ അവൾ വരുമായിരുന്നു മന്ദം മന്ദം ആ നറുപുഞ്ചിരിയോടെ...........                            (തുടരും ..........................)
                                                                           








Share:

Monday, 18 April 2016

Article

പറയാൻ മറന്നത്..........


     വിടപറയുന്ന ഈ വേളയിൽ എന്റെ പ്രിയ ഗുരുനാഥയുടെ ചില സ്മരണകളെ ഞാനിവിടെ കുറിച്ചിടുന്നു.
           അനന്തപുരിയിലെ ജീവിതത്തിനിടെ സ്നേഹം കൊണ്ട് ഇത്രമാത്രം സ്വാധീനിച്ച മറ്റൊരു വ്യക്തി ഇല്ല എന്ന് തന്നെ പറയാം. അണയാത്ത വെളിച്ചമായെന്നും കത്തിജ്വലിച്ച ആ പ്രഭാകിരണങ്ങൾ എന്റെ ചിന്താശക്തിയെ   മാത്രമല്ല   പവിത്രമാക്കിയത്. 
മാതൃവാത്സല്യം തുളുംബിയ ആ വചസ്സുകൾ എന്റെ പല തെറ്റായ നിലപാടുകളെയും നവീകൃതമാക്കി. യാതൊന്നും പ്രതീക്ഷിക്കാതെ സ്വന്തം കർത്തവ്യം അതിന്റെ പൂർണ്ണമായ സമർപ്പണത്തിൽ അർപ്പിക്കണമെന്ന് എന്നെ പഠിപ്പിച്ചു. എന്റെ ലക്ഷ്യങ്ങളിലെ വിലങ്ങുതടികളെ ഓരോന്നായി ചൂണ്ടികാണിച്ചു, എന്നിട്ടും ഓരോരോ തെറ്റുകളിലേക്ക് മുങ്ങിതാഴുമ്പോഴും ആ കരങ്ങളാണ് എന്റെ ഉയിർപ്പിനു അടിസ്ഥാനമായത്. 
           എന്റെ വിലാപത്തിന്റെ കണ്ണീർക്കയങ്ങളിൽ കൂടെ ഇറങ്ങിവന്ന് എനിക്കു സാന്ത്വനം പകർന്നു.  നേർക്കുനേരെ കയർത്തു സംസാരിക്കേണ്ടി വന്ന നിമിഷങ്ങളിൽ പിടഞ്ഞത് എന്റെ മനസ്സ് തന്നെയായിരുന്നു.  ആ വെറുക്കപ്പെട്ട നിമിഷങ്ങൾ എന്റെ കാലചക്രത്തിന്റെ യവനികകൾക്ക് പിന്നിലായി ചിതലരിച്ചു പോകട്ടെ എന്നു വരെ ഞാൻ ആഗ്രഹിച്ചു. ഈ മണ്ണിൽ നിന്ന് വിടവാങ്ങുമ്പോൾ പകരം വെക്കാനാവാത്ത ആ സ്നേഹത്തെയാണ് എനിക്ക് നഷ്ട്ടമാകുന്നത്. മൺമറഞ്ഞു പോകുന്ന ഒരു വസന്തകാല സ്മരണയാണ് ആ പുഞ്ചിരി. എന്റെ ഗുരുനാഥയുടെ പൂർണ്ണമായ സമർപ്പണത്തിനു മുമ്പിൽ നിറകണ്ണീരോടെ ഞാൻ പ്രണമിക്കുന്നു.











Share:

Monday, 22 February 2016

Poem

പ്രേമ ഗായകൻ
വിടപറഞ്ഞ നോവുകളും
മറഞ്ഞ നിൻ ഓർമകളും
എന്നെ നോക്കി പുഞ്ചിരിച്ചു.
അറ്റുപോയ നൂലിഴകളിൽ-
നിന്റെ മണിമുത്ത് കൊർത്തിട്ടുണ്ടായിരുന്നു
എന്നിലെ വെളിച്ചം ഇരുട്ടിനെ ഭയപ്പെട്ടു.
മായാത്ത നിന്റെ മുഖ ചിത്രം മാറോടണച്ചു കൊണ്ട്,
കാലചക്ക്രത്തിന്റെ യവനികകൾ പിന്നിട്ട്,
എന്നിലെ പ്രേമഗായകൻ, ഒരു നാളും അണയാത്ത-
സ്നേഹത്തിന്റെ വെള്ളിവെളിച്ചവുമായി അവതരിച്ചു.
ആഗ്രഹങ്ങൾ നെഞ്ജിലേറ്റി-
മോഹങ്ങൾക്കു പുതിയ മാനങ്ങൾ നല്കി,
കാലം മറന്ന സ്ഫുരണകളെ  മനസ്സിൽ ചാലിച്ച്
ആരോരുമറിയാതെ അവൻ ജീവിക്കുന്നു.
തന്റെ സ്വപ്നങ്ങൾക്ക് പുതുജീവൻ പകരാൻ.



.

Share:

Friday, 12 February 2016

നഷ്ട്ടവസന്തം
വികാരങ്ങൾ ആഗ്രഹങ്ങളെ
നിർജ്ജീവമായി കീഴ്പ്പെടുത്തിയപ്പോൾ
നഷ്ട്ടവസന്തത്തിൽ വിഹരിച്ച-
ഉച്ഛിഷ്ഠബോധമില്ലാത്ത എൻറെ ചിന്താശക്തി,
അരൂപിയായ എൻറെ ആത്മാവിനോട്-
ചോദിച്ച അന്തിമമായ ധ്വനി, നീയാര്?
വികൃതമായ എൻറെ രക്തധമനികൾ -
പാതയോരത്തെ പാൽമട്ടാണോ വഹിക്കുന്നത്?
അതോ എന്നുള്ളിൽ ഉറങ്ങിക്കിടക്കുന്ന
ജീവൻറെ മായാ സങ്കീർത്തനങ്ങളോ.....
മന്ദീഭവിച്ച  മനതാരിൽ നിറയുന്നത്
നീ തീർത്ത നിറക്കൂട്ടിലെ രസബിന്ദുവാണോ?
അതോ എന്നിൽ ഉദ്ഭവിച്ച പ്രപഞ്ചരഹസ്യങ്ങളോ....
ഹൃദയവീചികളിലെ  മേഘസ്വപ്നങ്ങള്ളിൽ-
നീ എന്ന മിഥ്യാബോധത്തെ വളർത്തുമ്പോൾ,
ഓർക്കുക എന്നിലെ എന്നെ
പ്രത്യക്ഷത്തിൽ  തന്നെ
ദൈവവാഴ്ച്ചയിൽ നിന്ന് മനുഷ്യവാഴ്ച്ചയിലോട്ട്,
സ്വയം ഉന്മൂലനം ചെയ്യുന്നു.



Share:

Wednesday, 3 February 2016

ഓർമ്മകൾ
കാലത്തിൻറെ നിറവിൽ
ഓരോന്നായി പൊഴിഞ്ഞകന്നു.
വേദനയുടെ കരിനിഴൽ പാടുകൾ,
മായിച്ചാലും മായാത്ത പ്രതിഫലനങ്ങൾ,
സ്നേഹത്തിനായി ദാഹിച്ച രാവുകൾ-
ഒരു കൈ അകലത്തായി നഷ്ട്ടപെട്ട-
നൂറായിരം സ്വപ്‌നങ്ങൾ.
അറ്റുപോയ ഒരുപിടി മോഹങ്ങൾ.
പ്രാണൻറെ തുമ്പിലായി-
ഇറ്റിറ്റു നീറുന്ന ചുടുരക്തകണികകൾ
ഹൃദയത്തിൻ  കൈപ്പിടിയിൽ നിന്ന്
അറിയാതെ അകന്നു പോയ
ആ ചിരിയുടെ മാസ്മരികത,
അണയാത്ത നോവിൻറെ
മുറിപാടുകളെല്ലാം-
എൻ നഷ്ട്ടവസന്തത്തിൻറെ-
തീരാ ഓർമ്മകളായി പരിണമിക്കുന്നു.
പരിണാമം പ്രാപിച്ച അവ-
മനസ്സിൻറെ മായവലയങ്ങളിൽ
ഓർമ്മകളെ പുനർജീവിപ്പിക്കുന്നു....... 


     
Share:

Copyright © The Chants | Powered by Blogger
Design by SimpleWpThemes | Blogger Theme by NewBloggerThemes.com