Friday, 6 March 2020
പരാജയങ്ങൾക്കും അപമാനങ്ങൾക്കും നടുവിൽ,
അറിയാതെ പകച്ചുപോയ ഞാൻ-
വ്യക്തിഹത്യക്ക് മുതിർന്ന എൻ്റെ ചിന്തകളെ,
പുച്ഛത്തോടെ നോക്കി അട്ടഹസിച്ചു.
എന്തിനെന്നറിയാതെ ഹൃദയം പകുത്തുകൊടുത്ത-
ആ പുഞ്ചിരിയുടെ കാതലിന്
എന്നെ വഹിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നില്ല
ധൂളിയായി എന്നെങ്കിലും നീ പെയ്തിറങ്ങുമെന്ന്
തൂവൽ തളിരായി ആ സ്പർശനം നിന്നരുകിൽ നിന്ന് പൊഴിയുമെന്ന്
എൻ്റെ ചിന്തകൾ അറിയാതെ കരുതി പോയി
ഒരു നാളും അവസാനിക്കാത്ത, ആ കാത്തിരിപ്പിൻ്റെ നാളുകൾ-
അതിൻ്റെ അന്ത്യദിനങ്ങളിലൂടെ സഞ്ചരിക്കുകയാണ്.
അറിയാതെയുള്ള ആ തിരിഞ്ഞുനോട്ടത്തിനും-
പാതിമയങ്ങിയ ആ കണ്ണുകളിലെ പ്രകാശവും-
എൻ്റെ നഷ്ടമായി സ്വയം അവശേഷിക്കുന്നു.
നാളെയുടെ നാൾവഴികളിൽ, ഈ കനലുകൾ-
എൻ്റെ ചിന്തകളിൽ പൊടിയുന്ന ആ നോവുകൾക്ക്-
സ്വയമേ പരാജിതനായ, പരാജയം വരിച്ച-
ശപിക്കപ്പെട്ട ആ കഥയുടെ പൂർണ്ണയതയിൽ-
അവനെ മുന്നോട്ട് വഴിനടത്താനാകും.
Saturday, 22 September 2018
Poem
വെറുപ്പ്
എൻ്റെ പ്രതിഷേധത്തിൻറെ ജ്വാലകൾ-
നിന്നെ വിഴുങ്ങുമെന്ന മിഥ്യാധാരണ
എൻ്റെ ഇച്ഛാശക്തിക്ക് തോന്നിയ-
വെറും തെറ്റിദ്ധാരണയാന്നെന്ന്
കാലം വൈകാതെ തന്നെ-
എന്നെ ബോധ്യപ്പെടുത്തി.
എൻ്റെ പ്രയാണം നിന്നിലേക്കുള്ള-
കാൽവെപ്പുകളാണെന്ന എൻ്റെ അഹങ്കാരത്തിന്
തീവ്രമായ നിൻറെ അവഗണന
മറുപടിയായി വർത്തിച്ചപ്പോൾ,
പൊട്ടിക്കരഞ്ഞ എൻ്റെ മനസ്സിനെ-
ഞാനിന്ന് ജീവനോടെ കുഴിച്ചു മൂടിയിരിക്കുന്നു .
ഞാനിന്ന് ജീവനോടെ കുഴിച്ചു മൂടിയിരിക്കുന്നു .
കാര്യങ്ങളെ നിസ്സാരവത്കരിക്കാനുള്ള-
നിൻെറ മനോഭാവത്തെ -
നിസ്സഹായതയോടെയാണ് ഞാൻ തിരിച്ചറിഞ്ഞത്.
മനസ്സിനെ ഓർമ്മകളിൽ നിന്നും പറിച്ചുനടുവാൻ-
എങ്ങനെ ഒരു സ്ത്രീശക്തിക്ക് സാധിക്കുന്നു?
എന്തൊരു പ്രപഞ്ച സത്യമാണത്?
എന്നെ ഭ്രാന്തുപിടിപ്പിക്കുന്ന-
നിൻറെ മാദകത്തെ ഞാനിന്ന്-
തീക്ഷ്ണമായി വെറുക്കുന്നു,
കാരണം അവയെല്ലാം കളങ്കപ്പെടുത്തുന്നത്-
ഒരായിരം കിനാവുകളെയാണ്,
ഒരായിരം പ്രതീക്ഷകളെയാണ്.
കലയുടെ നാൾവഴികളിൽ-
നിന്നെ ചിത്രീകരിക്കുവാൻ മടിച്ച,
വർണ്ണങ്ങളെ ഞാൻ എന്നിലേക്ക് ആവാഹിക്കും,
കാരണം എൻ്റെ പകയുടെ തീച്ചൂളയിൽ-
കത്തിയണയുന്നത് നിന്നിൽ ഞാനർപ്പിച്ച,
എൻ്റെ വിശ്വാസങ്ങളാണ്.
Tuesday, 18 September 2018
Poem
കനലുകൾ
ജനാലകൾക്കപ്പുറത്ത് നിന്നെയും ഓർത്തു-
ഒരായിരം യുഗം തപസ്സനുഷ്ഠിക്കുവാൻ-
ഞാൻ ഒരുക്കമായിരുന്നുവെന്ന്,
നീ അറിഞ്ഞിരുന്നിലേ....
കനലെരിയുന്ന എൻ മനതാരിൽ-
നിന്റെ സ്പർശനവും സാമീപ്യവും-
അത്രമേൽ സാന്ത്വനമായത്,
നീ ഓർക്കുന്നില്ലേ....
പരസ്പരം പങ്കുവെച്ച ആ സ്വപ്നങ്ങൾക്കു-
തൂവൽ ചാർത്തിയ എൻ്റെ ആഗ്രഹങ്ങൾ-
ജീവനോളം വിലയേറിയതാണെന്ന്,
നീ മനസിലാക്കിയിരുന്നിലേ....
എൻ്റെ മോഹങ്ങൾ ചിറകടിച്ചുയർന്നപ്പോൾ-
ആ ചിറകടിയുടെ താളമായി-
നീ എന്നിൽ അലിയുകയില്ലെന്ന്,
നിനക്ക് പറയായിരുന്നിലേ...
നിനക്കായി ചാലിച്ച നിറക്കൂട്ടിൽ-
നീ തിരഞ്ഞെടുത്ത വർണങ്ങൾ-
എന്നെ ചിത്രീകരിക്കാനല്ലായിരുന്നുവെന്ന്-
നിനക്ക് വെളിപ്പെടുത്തായിരുന്നിലേ...
വാക്കുകൾ നോവുകളെ വർണ്ണിച്ചു,
നോവുകൾക്ക് പുതിയ മാനങ്ങൾ സൃഷ്ട്ടിച്ചു,
നോവുകൾ നിന്നെ നഷ്ട്ടപെടുത്തുവാൻ പഠിച്ചു,
ഒടുവിൽ നോവുകളുടെ ചലനം നിലച്ചു
Friday, 7 September 2018
Short Story
സ്നേഹം
മണ്ണിനെയും മനുഷ്യനെയും ഒരു പോലെ
സ്നേഹിച്ച എന്നോട് ഒരാൾ ഒരു ചോദ്യം ചോദിച്ചു, ജീവിതത്തിൽ ആരെയാണ് ആത്മാർത്ഥമായി
സ്നേഹിക്കേണ്ടത്, നമ്മളെ ആഗ്രഹിക്കുന്നവരെയോ അതോ നമ്മൾ ആഗ്രഹിക്കുന്നവരെയോ? ഈ
ചോദ്യത്തിനു മുമ്പിൽ ഞാൻ അല്പമൊന്നുമല്ല പതറി നിന്നത്. ഇതിനൊരുത്തരം നാളെ തരാമെന്ന്
പറഞ്ഞ് ഞാൻ പിറകോട്ടു നടന്നു നീങ്ങി. ആ ദിവസം മുഴുവൻ ഇരുന്നു ആലോചിച്ചിട്ടും
എനിക്കൊരു ഉത്തരത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. വൈകിട്ട് ഞാൻ ഒരു അമ്പലത്തിൽ കയറി.
അതൊരു ചെറിയ ചുറ്റമ്പലമായിരുന്നു. ഓരോ രൂപങ്ങളിലും കണ്ണോടിച്ചു കൈകൾ കൂപ്പി ഞാൻ ആ
അമ്പലത്തിനുള്ളിൽ വലം വയ്ക്കുവാൻ തുടങ്ങി. ആദ്യം വലം വയ്ക്കുന്നതിനിടെ പ്രായമായ ഒരു അമ്മയെ കണ്ടു.
കണ്ണടച്ചു മന്ത്രങ്ങൾ നിർത്താതെ ഉരുവിടുന്ന ആ അമ്മയെ ഞാൻ ശ്രദ്ധിച്ചു. ഞാൻ വീണ്ടും
വലം വയ്ക്കുവാൻ തുടങ്ങി. ഇത്തവണ എന്റെ കണ്ണിൽ പെട്ടത് ചെറുപ്പക്കാരനായ ഒരു
പൂജാരിയെയായിരുന്നു. അദ്ദേഹം ആ ക്ഷേത്രത്തിലെ ബണ്ടാരം പൂട്ടി ഭദ്രമായി സൂക്ഷിച്ചു
വയ്ക്കുകയായിരുന്നു. ഞാൻ മൂന്നാമതും വലം വയ്ക്കുവാൻ തുടങ്ങി. പിന്നീടുള്ള ഓരോ കാൽവെപ്പുകൾ
മണ്ണിലമരുമ്പോഴും എൻറെ ചിന്തകളിൽ ചിതറിക്കിടന്ന ഓരോ കണികകൾ ദൂരേക്ക് അകലുന്നതായി
എനിക്കനുഭവപ്പെട്ടു . ആ 'അമ്മ ആർക്കു വേണ്ടിയായിരുന്നു മന്ത്രങ്ങൾ
ഉരുവിട്ടുകൊണ്ടിരുന്നത്? ആ ചെറുപ്പക്കാരനായ പൂജാരി എന്തിനു വേണ്ടിയാണ് തൻ്റെ ജീവിതം
സമർപ്പിച്ചിരിക്കുന്നത്? കേവലം മനുഷ്യസഹജമായ ഒരു ഉത്തരമായിരുന്നില്ല ഞാൻ അവിടെ തേടിയിരുന്നത്,
എന്നിട്ടും പ്രപഞ്ചശക്തകൾ പോലും എന്നെ വെല്ലുവിളിക്കുന്നതായാണ് എനിക്കു തോന്നിയത്.
പിറ്റേന്ന് ചോദ്യകർത്താവിന്റെ അടുക്കലേക്ക് ഞാൻ നടന്നു. അയാൾ എന്നെ കണ്ടപ്പോൾ ആ ചോദ്യം ഒന്നുകൂടെ
ആവർത്തിച്ചു. അതുവരെ ഉത്തരമില്ലായിരുന്ന ഞാൻ ആ ക്ഷണം മറുപടി നൽകി, അത് രണ്ടും
ഒന്നാണ്. സ്നേഹവും, സമർപ്പണവും.
Saturday, 13 January 2018
Poem
തിരിച്ചറിവ്
ഒരുനാളും തീരാത്ത എൻറെ പ്രതീക്ഷകളും,
ഒരുനാളും തീരാത്ത എൻറെ പ്രതീക്ഷകളും,
ഒരുനാളും മായാത്ത നിൻറെ ഓർമ്മകളും,
ഊഴമെടുത്ത് എന്നെ ആക്രമിക്കുമ്പോൾ-
ഞാനറിഞ്ഞിരുന്നില്ല, എൻറെ കരുത്തിനെക്കുറിച്ച്.
നിലതെറ്റിയ ഭ്രാന്തനെപ്പോലെ അലഞ്ഞപ്പോഴും,
നേരിൻറെ നോവ് ആവുവോളം അനുഭവിച്ചപ്പോഴും,
എൻറെ ജീവൻ എൻറെ കൈകളിൽ തന്നെ ആയിരുന്നുവെന്ന്-
വൈകിയാണ് എനിക്ക് ബോധ്യപ്പെട്ടത്.
ചെയ്തുപോയ പാതകങ്ങളെല്ലാം ഓരോന്നായി വേട്ടയാടുമ്പോഴും,
ചെയ്യുന്ന കർമ്മങ്ങളിൽ നിന്ന് പരാജയപ്പെടുമ്പോഴും,
വിരൽത്തുമ്പിൽ കുടികൊണ്ട ശക്തിപ്രഭാവം-
ഒടുവിലാണ് എനിക്ക് തിരിച്ചറിവേകിയത്.
മാറ്റത്തിൻറെ നാളുകൾ കടന്നുവന്നപ്പോൾ,
മനസ്സിൽ സർവ്വശക്തിയും ആവാഹിച്ച്,
മോഹിച്ച നിമിഷ സുഖങ്ങളെ വിട്ടെറിഞ്ഞ്-
ശരിയുടെ നാൾവഴിയിലൂടെ യാത്ര ആരംഭിച്ചു.
യാത്ര അങ്ങേയറ്റം ക്ലേശകരമാണെങ്കിലും,
ലക്ഷ്യം നാൾക്കുനാൾ അകലുകയാണെങ്കിലും,
എൻറെ ആഗ്രഹങ്ങളും, എൻറെ ചിന്തകളും-
Saturday, 10 June 2017
Poem
ദേവത
കളമൊഴിഞ്ഞ സദസ്സിൽ,
കോമാളിയുടെ വേഷം കെട്ടി-
ഓർമ്മകളെ നെഞ്ചോടുചേർത്തു-
അവൻ നിറഞ്ഞാടി.
ആട്ടം കണ്ട് കൈയടിക്കാൻ-
അവനാരുമുണ്ടായിരുന്നില്ല .
കൂടെനിന്നവയെയെല്ലാം കാലം-
എന്നേ പറിച്ചുമാറ്റിയിരുന്നു.
ഭാവനാലോകത്ത് അവൻ ബന്ധിപ്പിച്ച-
ഓരോ നൂൽകെട്ടുകളും,
ബന്ധനങ്ങൾ മാത്രമാണെന്ന്-
ജീവിതം അവനെ പഠിപ്പിച്ചു.
ഒടുവിൽ എന്നെന്നേക്കുമായി-
ആ ഛായം കഴുകിക്കളയുമ്പോഴാണ്,
ആ ദേവത അവൻറെ കൺമുമ്പിൽ
ആദ്യമായി പ്രത്യക്ഷപ്പെടുന്നത്.
കണ്ണുനീർ വറ്റിയ അവൻറെ മുഖത്തു-
ആ ദേവത പുതു ഛായം പൂശികൊടുത്തു.
അവനെ അവനാക്കിയ ആ വേഷത്തിന്-
അവന്റെ പേര് തന്നെയിട്ടു.
അവനെക്കാളേറെ ആ ദേവത-
അവൻറെ മനസ്സ് തിരിച്ചറിഞ്ഞു.
അതിരറ്റ വിശ്വാസത്തോടെ-
ജീവനെ പോലെ അവനെ കൂടെക്കൂട്ടി.
അവൻറെ കൈപിടിച്ചു കൂടെ നടത്തി.
കാണാത്ത ലോകവും,
കേൾക്കാത്ത സ്വരങ്ങളേയും-
അവന് മനസ്സിലാക്കിക്കൊടുക്കുവാൻ ശ്രമിച്ചു.
വാത്സല്യത്തോടെ അവൻറെ ജീവിതത്തിൽ-
പ്രകാശമായി ആ ദേവത നിറഞ്ഞു.
കണ്ണുരുട്ടി അവനെ സ്നേഹിച്ചു.
വെളിച്ചമേകി അവനെ പരിപാലിച്ചു.
ചാപല്യം നിറഞ്ഞ ഈ ലോകത്ത്-
മത്സരിച്ചു ജയിക്കുവാൻ-
ആ ദേവത അവൻറെ ജീവിതത്തെ-
സജ്ജമാക്കുകയായിരുന്നു.
ആ കൈയിൽ നിന്ന് പിടിവിടാൻ
അവന് തോന്നിയിരുന്നില്ല.
കാരണം അവനറിയാമായിരുന്നു-
സന്തോഷത്തിൻറെ പൂർണ്ണത ആ ദേവതയിലായിരുന്നുവെന്ന്.
കാലം രചിച്ച ഈ കഥയിലെ-
ഒരു കോമാളി മാത്രമാണ് അവനെന്ന്,
ആ പാവം തിരിച്ചറിഞ്ഞിരുന്നില്ല.
അവൻ ഒന്നും ആഗ്രഹിക്കരുതായിരുന്നു.
അപ്രതീക്ഷിതമായി ആ ദേവതയെ-
കാലം എന്നന്നേക്കുമായി,
അവൻറെ അരികിൽ നിന്ന് പറിച്ചുമാറ്റി.
ആ മഹനീയ ബന്ധം വേർപെടുത്തി.
പ്രേമത്തെക്കാൾ വലിയ സ്നേഹമുണ്ടെന്ന്-
തിരിച്ചറിഞ്ഞ നാളുകളായിരുന്നു.
സത്യത്തിൻറെ വചനങ്ങൾ-
ആ മനസ്സിനെ പിടിച്ചുലച്ചു.
ആ സത്യാവസ്ഥ അംഗീകരിക്കുവാൻ
അവൻ തയ്യാറല്ലായിരുന്നു.
പക്ഷെ ആ ദേവത ചാപല്യങ്ങളുടെ ലോകത്ത് നിന്ന് -
എന്നേക്കുമായി മോചിതയായിരിക്കുന്നു.
നാളുകൾക്ക് ശേഷം ഒടുവിൽ ആട്ടം നിർത്തി-
അവൻ ആ വേദി വിട്ടിറങ്ങി.
ഒരിക്കലും തിരിച്ചുവരില്ല
എന്ന ദൃഡപ്രതിജ്ഞയോടെ.
അവന്റെ മനസ്സിൽ കുറ്റബോധമില്ലായിരുന്നു.
തീരുമാനങ്ങളെ സ്വീകരിക്കാൻ-
അവന്റെ ഹൃദയം സജ്ജമായിരുന്നു.
വേദി വിട്ടിറങ്ങുമ്പോൾ നിലക്കാത്ത ആരവമായിരുന്നു.
അവനറിയാമായിരുന്നു അവന്റെ ആട്ടം-
പൂർണ്ണതയിലെത്തിയിരുന്നുവെന്ന്.
ആളൊഴിഞ്ഞ പാതയോരത്തുകൂടി
അവൻ നടന്നു, അവന്റെ ദേവതയുടെ അടുത്ത് ....
Tuesday, 13 December 2016
Poem
മനുഷ്യൻ
മനുഷ്യന്റെ ആത്യന്തിക ധർമ്മമെന്ത് എന്നത് പ്രവചനാതീതമായ ഒരു വസ്തുതയാണ്. കാലചക്രത്തിന്റെ യവനികകൾ ഓരോന്നായി പിന്നോട്ട് മറിച്ച് പരിശോദ്ധിച്ചാൽ പ്രകടമാകുന്നത്, തന്റെ ഇണയെ കണ്ടെത്തി, അവളിൽ ലയിച്ച് പ്രപഞ്ചം സൃഷ്ട്ടിച്ച ദൈവത്തിന് കൂട്ടായി സൃഷ്ടികർമ്മത്തിൽ പങ്കാളികളാകുന്ന മനുഷ്യനെയാണ്. തന്റെ ഉള്ളിൽ കുടികൊള്ളുന്ന ആ കലയെ തന്റേത് മാത്രമായ രീതിയിൽ അവൻ മിനുക്കി അവളിലേക്ക് നിക്ഷേപിക്കുകയാണ്. ഇത് ഒരിക്കലും ഒരു ഒറ്റയാൾ പോരാട്ടമാകുന്നില്ല. സ്ത്രീയുടെ അതിസവിശേഷമായ പങ്ക് ഇതിന് അത്യന്താപേക്ഷിതമാണ്. പുരുഷൻ എന്നത് സത്യത്തിൽ ഒരു കലാകാരനാണ്. തനിക്ക് ചുറ്റും സംഭവിക്കുന്നത് ഒരു നിമിഷം പൂർണ്ണമായി മറന്ന് മുന്നിൽ കാണുന്ന വെണ്ണക്കൽ ശില്പത്തെ ആസ്വദിക്കുന്ന ഒരു കലാകാരൻ. അവൻ അവളുടെ സൗന്ദര്യത്തിലാണ് ആദ്യമേ കണ്ണോടിക്കുന്നത്. അതിനി ഏതൊരു പുരുഷനായാലും. പുരുഷന്റെ കണ്ണിൽ സൗന്ദര്യമുള്ള ഏതൊരു സ്ത്രീയും പര്യാപ്തമാണ്, എന്നാൽ ഒരു സ്ത്രീയുടെ വികാരവിചാരങ്ങൾ ഒരിക്കലും ഇത്തരത്തിലുള്ള ഒരു ആസ്വാദനമായി ചുരുങ്ങുന്നില്ല. ഒരു കാട്ടിൽ ഒരു സിംഹം മാത്രമാണ് നിലയുറപ്പിക്കുക, ശക്തി കൊണ്ട് തെളിയിച്ച ഒരേ ഒരു സിംഹം. അതുപോലെ വിജയിക്കുന്നവന് മാത്രം അവകാശപ്പെട്ടതാണ് സ്ത്രീ. പുരാണങ്ങളിൽ വരെ സ്ത്രീയെ വിജയത്തിന്റെ അടയാളമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. പരാജയത്തിന്റെ അടയാളമായി ഒരു സ്ത്രീയും നിലകൊള്ളുന്നില്ല. ഒരു സ്ത്രീ ഒരു പുരുഷനെ മനസ്സ് കൊണ്ട് പ്രാപിക്കുന്നത് ഉപഭോഗമനസ്സിലുള്ള ഒരു വലിയ ചിന്താധാരയിലൂടെയാണ്. അവൾ പോലും അറിയാതെ അവളുടെ ആഗ്രഹങ്ങളെ കീഴ്പ്പെടുത്തുന്ന ആ വലിയ വികാരത്തെ കാവ്യഭാഷയിൽ സ്ത്രീയുടെ സ്വാർത്ഥതയെന്ന് പരാമർശിക്കുണ്ടെങ്കിൽ പോലും അവളില്ലെ ആ തിരഞ്ഞെടുപ്പാണ് പലപ്പോഴും പ്രപഞ്ചത്തെ മുന്നോട്ട് നയിക്കുന്നത്. ഉത്തമമായതിനെ തിരഞ്ഞെടുക്കാനുള്ള അവളില്ലെ കഴിവാണ് അവളെ പലപ്പോഴും വിശിഷ്ടയാക്കുന്നത്. നല്ല വൃക്ഷത്തിൽ നിന്നും നല്ല ഫലങ്ങൾ പിറവിയെടുക്കുന്നത് പ്രകൃതിയുടെ നിയമമാണ്. അവളുടെ ദീർഘവീക്ഷണം പലപ്പോഴും ജീവന്റെ നിലനിൽപ്പിന് അടിസ്ഥാനമിടുന്നു. അതിതീവ്രമായ പുരുഷന്റെ ചിന്താധാരകളെ പലപ്പോഴും ഒരു സ്ത്രീശക്തിക്ക് തളച്ചിടാൻ കഴിയുന്നു, കാരണം അവളിലൂടെയാണ് അവൻ അവന്റെ മോഹങ്ങളുടെ കെട്ടഴിക്കുന്നത്.
Sunday, 27 November 2016
Story
സ്വപ്‌നം (ഭാഗം -1)
മധുരസ്വപ്നങ്ങളിൽ മുഴുകി പതിവുപോലെ അവൻ അവൾക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. അതൊരു വസന്തകാലമായിരുന്നു. ഇലകൾ തളിർത്തു തമ്മിൽ തമ്മിൽ സല്ലപിക്കുകയായിരുന്നു. ആ സുന്ദര പ്രഭാതത്തിൽ അവളുടെ പാദസ്പർശം ദൂരെ നിന്ന് തന്നെ അവന് അനുഭവപ്പെട്ടു. അവന്റെ വികാരഭവങ്ങളിൽ കൊതി തോന്നിയ മന്ദമാരുതൻ അവനെ അസൂയയോടെ തഴുകി. കണ്ണിലെ തീക്ഷണത ഒട്ടും തന്നെ കുറയ്‌ക്കാതെ ഒരു നറുപുഞ്ചിരിയോടെ അവൾ അവന്റെ അടുത്തേക്ക് സമീപിച്ചു. അവന്റെ അരികിലായി അവൾ അണഞ്ഞു. അവളുടെ ആ മുടിയിഴകളിൽ സൂര്യകിരണങ്ങൾ ഒളിച്ചു കളിക്കുന്നത് അവൻ കണ്ടു. ചിരിച്ചു കൊണ്ട് അവൻ അവളുടെ കൈകളിൽ ഒരു പാവക്കുട്ടി വച്ചുകൊടുത്തു. അവന്റെ ആശകളും പ്രതീക്ഷകളും ആ കൊച്ചു പാവക്കുട്ടിയിൽ അലിഞ്ഞിരുന്നു. പാവക്കുട്ടിയുടെ ആ കുഞ്ഞിക്കണ്ണുകൾ അവന്റെ കണ്ണുകൾ തന്നെയായിരുന്നു. അവൾ അത് മനസ്സുകൊണ്ടു തന്നെ സ്വീകരിച്ചു. എന്നിട്ട് പതിവിന് വിപരീതമായ ഒരു ഭാവപകർച്ചയിൽ അവൾ പറഞ്ഞു "ഇതോടു കൂടി എല്ലാം അവസാനിപ്പിക്കണം. ഇനി ഇതു പഴയതു പോലെ മുന്നോട്ടു കൊണ്ടു പോകാനാകില്ല".
ചലനമിലാത്ത ഒരു ഭാവം അവന്റെ മുഖത്തു പ്രതിഫലിച്ചു. ആ വസന്തകാലത്തിന്റെ സ്പന്ദനം പോലും ഒരു നിമിഷത്തേക്ക് നിലച്ചു. കിളികൾ കൂട്ടിലേക്ക് ഓടിയൊളിച്ചു. മന്ദമാരുതൻ ദിശയറിയാതെ പകച്ചുപോയി. തീർത്തും നിസ്സഹായാവസ്ഥയിൽ അവൻ അവളുടെ മുഖത്തേക്ക് നോക്കി മൊഴിഞ്ഞു. " നിനക്കെങ്ങനെ എന്നോടിത് പറയാൻ കഴിയുന്നു. നിനക്കു വേണ്ടി മാത്രമല്ലേ ഓരോ രാവും പകലും ഞാൻ കൊതിച്ചത്". യാതൊരു കുറ്റബോധവുമിലാത്ത ഭാവത്തിൽ അവൾ മറുപടി പറഞ്ഞു. "കാലം മുന്നോട്ടു പോകുകയാണ്, കാലത്തിന് അനുസരിച്ചു നമ്മളും മുന്നോട്ടു നീങ്ങണം, ഇന്നേക്ക് ഏഴാം നാൾ എന്റെ വിവാഹമാണ്. അദ്ദേഹം ഇൻഫോസിസിൽ തന്നെ ജോലി ചെയുകയാണ്. എന്റെ അതെ വിഭാഗത്തിലാണ്. നീ വിഷമിക്കും എന്ന് കരുതി നിന്നെ ഞാൻ ഒന്നും അറിയിക്കാഞ്ഞതാണ്. എനിക്കറിയാം നീ എന്നെ ഒരുപാട് ഇഷ്ടപെടുന്നുവെന്ന്. പക്ഷെ എനിക്കിതലാതെ വേറെ നിവർത്തിയില്ല". ഇതുകേട്ട് അവൻ അറിയാതെ ചിരിച്ചു പോയി. അവൾ പറഞ്ഞത് ശരിയാണെന്ന് അവന് തോന്നി. കാരണം കൂട്ടുകരനെന്ന രീതിയിൽ തന്നെയാണ് ഇത്രേം കാലം കൂടെ നടന്നത്, പക്ഷെ വെറും സൗഹൃദം മാത്രമല്ലെന്ന് അവൾക്കും അവനും അറിയാമായിരുന്നു. ഒരു ചടങ്ങിന് വേണ്ടി ഇഷ്ടമാണെന്ന് ഇതുവരെ അവൻ പറഞ്ഞിട്ടുമില്ല. അതുകൊണ്ട് തന്നെ അവന്റെ സ്നേഹത്തിന് ഒരു വാക്കാലുള്ള ഉറപ്പ് അവൾക്ക് തോന്നിക്കാണില്ല.
അവന്റെ ആ ചിരി കണ്ട് ദേഷ്യത്തോടെ ആ സുന്ദരമായ പാവക്കുട്ടിയെ തറയിലിട്ട് അവൾ ഒരു കത്ത് അവന്റെ കൈകളിൽ കൊടുത്ത് ആ പാതയോരത്തിലൂടെ നടന്നുനീങ്ങി. ആ നടന്നുപോകുന്നത് അവന്റെ ആഗ്രഹങ്ങളുടെ കാലവറയാണെന്ന് അവന് ബോധ്യമുണ്ടായി. നിലത്തുകിടന്ന ആ പാവക്കുട്ടിയെ കൈയിലെടുത്ത് ആ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കി. ആ കുഞ്ഞിക്കണ്ണുകൾ നനഞ്ഞിരുന്നു. അവന്റെ ജീവിതത്തെയോർത്ത്. വിഷമത്തോടെ ആ പാവ അവൻ വലിച്ചെറിഞ്ഞു. അവന്റെ സ്വപ്നങ്ങളെയും. എല്ലാം അവസാനിച്ച മട്ടിൽ തിരികെ നടന്നു നീങ്ങുന്പോൾ പെട്ടെന്ന് അവൻ നിശ്ചലനായി നിന്നു. അവന്റെ മനസ്സ് അവനോട് മന്ത്രിച്ചു "അവൾ അവസാനമായി കൈയിൽ വച്ചു തന്ന ആ കത്ത്".
(തുടരും......................................)
Sunday, 30 October 2016
Poem
മാലാഖ
നിറവാർന്ന ആ ചിരിയിതളുകളിൽ-
സ്നേഹത്തിന്റെ കരുതൽ നീ മൂടിവെച്ചു.
യാതൊരു തുണയുമിലാത്ത വെള്ളിവെളിച്ചത്തിൽ-
ഞാനെന്നെ തന്നെ തിരയുകയായിരുന്നു.
സൗമ്യമാർന്ന നിൻ ഇടപെടലുകളായിരുന്നു-
എന്നെ നേർവഴിയിൽ നയിച്ചത്.
മുന്നോട്ടുള്ള യാത്രയിൽ പകച്ചുനിന്നപ്പോൾ-
നിന്റെ കരങ്ങളായിരുന്നു എന്നെ പിടിച്ചുയർത്തിയത്.
ഉന്നതങ്ങളിലേക്ക് കുതിക്കാനായി-
നീയാണെനിക്ക് ഇന്ധനം പകർന്നത്.
സ്നേഹത്തിന്റെ മഹനീയത എനിക്കുനേരെ നീട്ടിയ-
എന്റെ പ്രിയപ്പെട്ട മാലാഖയാണ് നീ.
നിന്റെ ചിറകുകൾ എന്റെ അഭയസ്ഥാനമായി,
അന്ധകാരവീചികളിലെ സാന്ത്വനമായി.
Monday, 26 September 2016
Poem
ഇ-ലോകം
പുതിയ താളുകളിൽ കഥ പുനഃരുദ്ധരിച്ചു.
നിറഞ്ഞ മനസ്സും പുതിയ ചിന്തകളുമായി,
സർവ്വ ബന്ധനങ്ങളെയും പിഴുതെറിഞ്ഞ്,
പരാജയപ്പെട്ട മണ്ണിൽ തന്നെ അവൻ അവതരിച്ചു.
വിരൽ തുമ്പിൽ മായാലോകം തീർക്കുന്ന-
മന്ത്രവാദികളെ അവൻ കണ്ടു.
നാവിൻ തുമ്പിൽ നിന്ന് വീഴുന്ന-
ഓരോ വാക്കിനും പുതുഭാവം കൽപ്പിക്കുന്ന,
കഥയെഴുത്തുകാരെ അവൻ കണ്ടു.
പണിതീർത്ത ലോകത്തിലെ ഓരോ കണികയും-
പരിശുദ്ധമാണോ എന്നോരായിരം ആവർത്തി,
തിരിഞ്ഞു നോക്കുന്ന സുക്ഷ്മ നിരീക്ഷകരെ അവൻ കണ്ടു.
അവരുടെ മന്ത്രങ്ങളും, തന്ത്രങ്ങളും-
അവൻ ആവരണം ചെയ്‌തു.
അവരുടെ രക്തങ്ങളിലല്ലിഞ്ഞ കാഴ്ചപ്പാടുകളിൽ-
അവൻ ജ്വലിച്ചു.
മേഘവീചികളിലെ സന്ദേശങ്ങൾ തരങ്ങകളായി-
അവന്റെയുള്ളിൽ പ്രവേശിച്ചു.
അവസാനം അവൻ അവരിലൊരാളായി..........
Wednesday, 10 August 2016
Poem
കളിക്കാർക്കിടയിൽ
പ്രായത്തിന്റെ ചാപല്യങ്ങൾ കണക്കിലെടുത്തപ്പോൾ
ഞാനറിഞ്ഞിരുന്നില്ല ഞാൻ കളിക്കാർക്കിടയിലായിരുന്നുവെന്ന്.
ഓരോ തെറ്റുകളും അവസാനിച്ചിരുന്നത് -
ഓരോ ജഡിക സുഖങ്ങളിലായിരുന്നു.
വ്യാഖ്യാനങ്ങൾക്കതീതമായ ആ തെറ്റുകളുടെ ഭാവം-
ആഗ്രഹങ്ങളുടെ അതിതീവ്രമായ പ്രവാഹശേഷിയിലലിഞ്ഞിരുന്നു.
എന്നിലെ നേരിന്റെ ശബ്ദത്തിനു, ശബ്ദം കുറവായിരുന്നു.
കാരണം എന്നിൽ ഇരുട്ടിന്റെ മായാജാലങ്ങൾ അരങ്ങേറിയിരുന്നു.
വർണ്ണങ്ങളുടെ മൂടുപടമണിഞ്ഞു എന്നിലെ ചാപല്യങ്ങൾ,
ഞാനറിയാതെ എനിക്കുമുമ്പേ സഞ്ചരിച്ചുതുടങ്ങി.
എനിക്കു പാർക്കാൻ ഗ്രാമങ്ങളില്ല, എനിക്കു പാർക്കാൻ നഗരങ്ങളില്ല
കാരണം എനിക്കുമുമ്പേ അവർ അവയെല്ലാം സ്വന്തമാക്കിയിരുന്നു.
Saturday, 18 June 2016
Poem
ലോഹം
കാലം പുതിയ അദ്ധ്യായങ്ങളെഴുതി.
മൺമറഞ്ഞു പോയ എന്റെ പരാജയങ്ങളും
വഴുതിയകന്ന എന്റെ ബന്ധങ്ങളും,
പഴയ അദ്ധ്യായങ്ങള്ളിലെ വചനങ്ങളായി.
ജീവനില്ലാത്ത പഴയ പരാതികളും
വെറുക്കപെട്ട ഒരായിരം അവസരങ്ങളും
പാതികുഴിച്ച കല്ലറയിൽ അടക്കപ്പെട്ടു.
അറ്റുപോയ എന്റെ ധമനികളിൽ-
പ്രതീക്ഷയുടെ പ്രവാഹം ആളിക്കത്തി.
ഒടുവിലായി വിടപറഞ്ഞ വേളയിൽ
ഉള്ളംകൈയിൽ സമ്മാനിച്ച ആ ദിവ്യമായ ലോഹം.
പോരിനായി എന്നെ വെല്ലുവിളിച്ചു.
ആ വെല്ലുവിളിയിൽ ഞാനെന്നെ അറിഞ്ഞു.
ഉരുകിത്തീർന്ന ലോഹകഷ്ണങ്ങൾ പഴംകഥകളായി,
മുന്നോട്ടുള്ള പ്രയാണത്തിൽ നഷ്ടപ്പെടുത്തിയ-
ഒരായിരം പാതിവഴികൾ..........
Sunday, 22 May 2016
Article
കർണ്ണൻ
നില നിന്ന സാമൂഹിക വ്യവസ്ഥകളെയെല്ലാം ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹം സാധാരണക്കാരനായി ജീവിച്ചു. താഴ്ന്ന ജാതികാർക്ക് നിഷിദ്ധമായ അറിവും വിദ്യാഭ്യാസവും സ്വന്തം പ്രയത്നത്തിലും ബാഹുബലത്തിലും അദ്ദേഹം വിശ്വാസം അർപ്പിച്ചുകൊണ്ട് നേടിയെടുത്ത് ജീവിതത്തിൽ ഔന്നിത്ത്യത്തിലെത്തി. അദ്ദേഹത്തിൻറെ കഴിവുകളെ മനസ്സിലാക്കി അംഗീകരിച്ച ഒരേയൊരു വ്യക്തിയായിരുന്നു യുവരാജാവ് ദുര്യോധനൻ. കർണ്ണൻ ഏറ്റവും വലിയ വെല്ലുവിളി നേരിട്ട സമയത്ത് അദ്ദേഹത്തിന്റെ കരങ്ങളാണ് സഹായത്തിനെത്തിയത്. അങ്ങനെ കർണ്ണൻ എന്ന യോദ്ധാവ് തിന്മയുടെ പക്ഷത്ത് നിലകൊളേണ്ടതായി വന്നു. ഒരുപക്ഷെ ജാതിവ്യവസ്തകളുടെ മതിൽക്കെട്ടുകൾ പൊട്ടിച്ചെറിന് ധർമ്മപക്ഷത്തുള്ള ആരെങ്കിലും അദ്ദേഹത്തെ സ്വീകരിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തിന് നഷ്ട്ടപ്പെട്ടതെലാം തിരികെ ലഭിക്കുമായിരുന്നു. എല്ലാമറിയുന്ന ഭഗവാൻ ശ്രീകൃഷ്ണനും, പിതാമഹൻ ഭീഷ്മരും ഈ കാര്യം ഒരിക്കൽ പോലും വെളിപ്പെടുത്തുവാൻ തയാറല്ലായിരുന്നു.തനിക്ക് അർഹമായ സ്ഥാനമാനങ്ങൾ അദ്ദേഹത്തെ ഒരിക്കൽ പോലും മോഹിപ്പിച്ചിരുന്നില്ല. മഹാഭാരതത്തിൽ ധർമ്മം വിജയിച്ചത് കർണ്ണനെ പോലുള്ളവരുടെ ധാർമിക മൂല്യങ്ങളാലാണ്, തന്റെ വാക്കുകൾക്ക് ജീവന്റെ വില കൊടുത്ത ഈ മഹാരഥന്റെ ബലഹീനതയെയാണ് ഭഗവാൻ ശ്രീകൃഷ്ണൻ ആയുധമാക്കി എതിരെ പ്രയോഗിച്ചത്, അല്ലാതെ അർജുനൻ എന്ന പോരാളിയുടെ മികവൊന്നുമായിരുന്നില്ല. കാരണം ധനുസ്സുയർത്തി നിൽക്കുന്ന കർണ്ണനെ വധിക്കുക അസാധ്യമാണെന്ന് ഭഗവാനറിയാമായിരുന്നു. അത്രയും വല്യ അപരാധം പ്രവർത്തിച്ച തന്റെ മാതാവിനെ കർണ്ണൻ ഒരു നോക്കുപോലും വെറുത്തിരുന്നില്ല. സത്യം അറിഞ്ഞ അദ്ദേഹം ഒരിക്കലും അവകാശം സ്ഥാപിക്കാൻ പരിശ്രമിച്ചില്ല, മറിച്ച് മാതാവിനെ ആ കളങ്കത്തിൽ നിന്ന് സംരക്ഷിക്കുവാനാണ് പരിശ്രമിച്ചത്. ദാനത്തേക്കാൾ മഹാസ്നാനം ഇല്ലെന്നു വിശ്വസിച്ച അദ്ദേഹം, തന്റെ ശരീരത്തിന്റെ ഭാഗമായ കവചവും കുണ്ഡലിനിയും അദ്ദേഹം ദാനമായി അറത്തുനൽകിയപ്പോൾ ദേവാധിദേവൻ പോലും ആ സമർപ്പണത്തിൽ ആശ്ചര്യപ്പെട്ടു. ആ വലിയ മനസ്സിന്റെ ഉടമയെ ആരും തിരിച്ചറിഞ്ഞില്ല എന്നതായിരുന്നു സത്യം. മഹാഭാരതകഥയിൽ ഇത്രയും വ്യക്തിപ്രഭാവമാർന്ന മറ്റൊരു യോദ്ധാവിനെ ദർശിക്കുവാൻ പ്രയാസമാണ്. കാരണം മരണശയ്യയിലാണ് അദ്ദേഹത്തിന് തന്റെ മാതാവിന്റെയും,സഹോദരങ്ങളുടെയും വാത്സല്യവും സ്നേഹവും പോലും പ്രാപ്തമായത്. തന്റെ മാതാവിന്റെ മടിയിൽ പാപ്ഭാരങ്ങളെല്ലാം തന്നെ ഇറക്കിവെച്ചുകൊണ്ടാണ് അദ്ദേഹം ജീവൻ വെടിഞ്ഞത്. തന്റെ കഴിവിലും ശക്തിയിലും വിശ്വാസമർപ്പിച്ച് പ്രയത്നിച്ചാൽ ഏതൊരു സാധാരണക്കാരനും ജീവിതലക്‌ഷ്യം സഫലമാക്കാമെന്ന് കർണ്ണന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ചൈതന്യവും വീരഗാഥകളും ഏതൊരു വ്യക്തിയെയും അമാനുഷികനാക്കും.
Monday, 25 April 2016
Story
പ്രണയം
ഒരിക്കൽ അവൾ അവനോട് ചോദിച്ചു "കൂടെ കാണുവോ എന്നും?", തെല്ലും ചിന്തിക്കാതെ അവൻ മറുപടി കൊടുത്തു "കൂട്ടിനുണ്ടാവും എന്നും, എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ട്ടവാ". ഈ വാഗ്ദാനത്തിന്റെ നിറവിലാണ് അവൻ അവന്റെ ജീവിതം അവൾക്ക് സമർപ്പിച്ചത്. ഓരോ രാവ് അണയുമ്പോഴും അവളുടെ ചിരി കൂടുതൽ ചന്ദസ്സുള്ളതായി മാറി. അവളുടെ മൊഴികളിൽ അവൻ ആയിരം സ്വപ്നങ്ങൾ നെയ്തു. ആഗ്രഹങ്ങളുടെ ഒരു പറുദീസ തന്നെ അവൻ കെട്ടിപൊക്കി. ജീവിത ദൗത്യം, അവളിലേക്ക് മാത്രമാകണമെന്ന് മനസ്സിനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി . അതിനായി അവനിലെ മായാശക്തികളെ അവൻ ഉറക്കികെടുത്തി. അവന്റെ ലോകം അവളിലേക്ക് മാത്രമായി ചുരുങ്ങി.
നാളുകൾ കഴിഞ്ഞു.....പുതിയ താളുകളിൽ പുതിയ അക്ഷരങ്ങൾ സ്ഥാനം പിടിച്ചു. അവൾക്ക് അവനെ മടുത്ത് തുടങ്ങി. അവളിലെ ആഗ്രഹങ്ങൾക്ക് ഉന്നതങ്ങളിലേക്ക് ചിറകടിച്ചുയരാൻ തോന്നി. അതിന് അവന്റെ സാമിപ്യം അവൾക്ക് അസ്വസ്ഥമായി അനുഭവപെട്ടു. പതിയെ അവൾ അവനെ ഒഴിവാക്കി തുടങ്ങി. എങ്കിലും അവന്റെ ഉള്ളിലെ കനൽ കത്തിയണഞ്ഞില്ല. പ്രണയ പരവശനായി അവൻ അവളെ സമീപിച്ചു. തന്റെ മനസ്സിൽ കുടികൊള്ളുന്ന ആ പ്രണയവചസ്സുകൾ മൊഴിയാൻ അവൻ വെമ്പൽ കൊണ്ടു. പക്ഷെ അവളുടെ കുത്തുവാക്കുകൾ അവനെ പിന്നിലോട്ട് വലിച്ചു. ഒരുപാട് നോവുകൾ ഉള്ളിൽ അടിച്ചമർത്തി കൂട്ടുകാരുടെ നിർബന്ധനത്തിന് വഴങ്ങി അവളെ വെറുതെ വിടാൻ അവൻ തീരുമാനിച്ചു. അങ്ങനെ പ്രത്യക്ഷത്തിൽ ആ ബന്ധം വേർപെട്ടു. പക്ഷെ അവന്റെ മനസ്സിൽ നിന്നും ആ ചിരിയുടെ മാസ്മരികത മായാതെ നിന്നു. തന്നിൽ നിന്നും വേർപെടുത്തി കഴിയാൻ പറ്റാതത ആ സുന്ദരിയുടെ ജീവിതത്തിൽ പിന്നെ അവൻ കടന്നു ചെന്നില്ല.
കാലം അവനെ പരീക്ഷിച്ചു കൊണ്ടിരുന്നു. ദാരുണമായി അവൻ എല്ലാ അവസ്ഥകളിൽ നിന്നും തകർന്നു നിലത്തു വീണു. ഒടുവിൽ ഒരു വീഴ്ച്ചയിൽ അവന് വെളിപാടുണ്ടായി. തന്റെ ഉള്ളിലെ ശക്തികൾ അവനെ നോക്കി പുഞ്ചിരിച്ചു. അവനെ കളിയാക്കി, അവനെ പരിഹസിച്ചു. അവയെല്ലാം അവന്റെ കൈകളിലെക്ക് തിരിച്ചു കയറി. ആ കൈകൾ ചലിച്ചു തുടങ്ങി. നഷ്ട്ടപ്പെട്ടതെല്ലാം അവൻ പൂർവാധികം ശക്തിയോടെ വീണ്ടെടുത്തു. അവനിലെ മായാജാലം അവൻ തിരിച്ചറിഞ്ഞു. ഇവയെല്ലാം അവളോടുള്ള സ്നേഹത്തിൽ നിന്നും ഉദ്ഭവിച്ചതാന്നെന്ന് അവന് ബോദ്ധ്യമുണ്ടായിരുന്നു. അവൻ ഒരിക്കലും അവളെ വെറുത്തില്ല. അവൾ എവിടെയാണെന്ന് അവൻ അന്വേഷിച്ചില്ല. കാരണം കണ്ണടച്ചാൽ അവൾ വരുമായിരുന്നു മന്ദം മന്ദം ആ നറുപുഞ്ചിരിയോടെ........... (തുടരും ..........................)
About Me
Total Pageviews
Popular Posts
-
ലോഹം കാലം പുതിയ അദ്ധ്യായങ്ങളെഴുതി. മൺമറഞ്ഞു പോയ എന്റെ പരാജയങ്ങളും വഴുതിയകന്ന എന്റെ ബന്ധങ്ങളും, പഴയ അദ്ധ്യായങ്ങള്ളിലെ വചന...
-
കളിക്കാർക്കിടയിൽ പ്രായത്തിന്റെ ചാപല്യങ്ങൾ കണക്കിലെടുത്തപ്പോൾ ഞാനറിഞ്ഞിരുന്നില്ല ഞാൻ കളിക്കാർക്കിടയിലായിരുന്നുവെന്ന്. ഓരോ തെറ്റു...
-
കർണ്ണൻ സൂര്യപുത്രനായി ജനിച്ച് സൂതപുത്രനായി വളർന്ന് അവസാനം സ്വന്തം അനുജൻറെ അമ്പുകൾ കൊണ്ട് തന്നെ വീരമൃത്യു വരിക്കേണ്ടി വന്ന മഹ...
-
നിറക്കൂട്ട് സ്നേഹാർദ്രമാം നിൻ മൊഴിയിതളുകൾ , അലിഞ്ഞിറങ്ങിയത് എരിഞ്ഞമരുന്ന - എൻ യൗവനത്തിലായിരുന്നു . ദീപ്തമായ ...
-
ഇ-ലോകം പുതിയ താളുകളിൽ കഥ പുനഃരുദ്ധരിച്ചു. നിറഞ്ഞ മനസ്സും പുതിയ ചിന്തകളുമായി, സർവ്വ ബന്ധനങ്ങളെയും പിഴുതെറിഞ്ഞ്, പരാജയപ...
Categories
Images
Google.com Images
Zabin pathath photography